Wednesday, June 18, 2008

അച്ചുമ്മാന്‍ പറഞ്ഞത്

കുറച്ചു നാള്‍ മുന്‍പ്:

മഴ മുറുകിത്തുടങ്ങിയപ്പോള്‍ അച്ചുമ്മാന്‍ പ്രസംഗത്തിന്‍‌റ്റെ പാതി വഴിയേ എത്തീയിരുന്നുള്ളൂ. ചൊരിയുന്ന മഴയത്ത് പിരിയാതെ നില്‍ക്കുന്ന ജനാവലിയെ കണ്ടപ്പോള്‍ അച്ചുമ്മാന്‍ കത്തിക്കയറി. ഈ എണ്‍പതുകഴിഞ്ഞ പ്രായത്തിലും ആവേശത്തിന്‍‌റ്റെ നുരകള്‍ രക്തധമനികളില്‍ ഇരച്ചുകയറുന്നത് രഹസ്യമായി അനുഭവിക്കുകയും പരസ്യമായി മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം കീശയിലെറിഞ്ഞ് തനത് ശൈലിയിലേക്ക് വഴുതിവീഴുകയും ചെയ്തു.

വാക്കുകള്‍ തിളച്ചു തീപ്പൊരിയായി നേര്‍‍ക്കുനേര്‍ വന്നപ്പോള്‍ ജനം ഇളകിമറിഞ്ഞൂ.

കോട്ടയം നഗരത്തിലെ ഷാപ്പുകളില്‍ കരുതിയിരുന്നതെല്ലാം പത്തുമണിക്കു മുന്‍പുതന്നെ വിറ്റ്‌ തീര്‍ന്നിരുന്നു. പത്തുമണിക്കുശേഷം ഷാപ്പിലെത്തിയവര്‍ വിധിയെ പഴിച്ച് വ്യാജനില്‍ അഭയം തേടിയിരുന്നു. അച്ചുമ്മാന്‍‌റ്റെ പ്രസംഗം രാത്രി ഏറെ പോകുമെന്നറിയാവുന്ന ഇരുകൂട്ടരും വേണ്ടത്ര വീര്യം അരയില്‍ തിരുകിയിരുന്നു.

വ്യാജന്‍ തരാത്ത ലഹരി അച്ചുമ്മാന്‍‌റ്റെ വാക്കുകള്‍ തന്നപ്പോള്‍ ജനം ആര്‍‍ത്തിരമ്പി. ആവേശലഹരി അടങാതിരിക്കന്‍ അവര്‍ ആഗ്രഹിച്ചു. ഈ രാത്രി പുലരാതിരുന്നെങ്കില്‍....... ഈ പ്രസംഗം അണയാതിരുന്നെങ്കില്‍......

അമേരിക്കയും ആഗോളവല്‍ക്കരണവും മടുത്തപ്പോള്‍ അച്ചുമ്മാന്‍ ആന്റണിയെ പള്ളുവിളിച്ചു. വിലക്കയറ്റം കേന്റ്‌ത്തിന്‍‌റ്റെ തലക്കുവച്ചു. ജനം നിര്‍ത്താതെ കൈയ്യടിച്ചു.

അരിയുടെ കാര്യം അവസാനത്തേക്കു വച്ചിരുന്നതെങ്കിലും നേരത്തെ തന്നെ വിളമ്പി. പവാറിനോട് അരി ചോദിക്കാന്‍ പോയ കഥ പൊടിപ്പും തൊങലും ചേര്‍ത്തു വച്ചു കീച്ചി.
"അരി ചോദിച്ചപ്പോള്‍ പവാറു പറഞ്ഞു...... സ്വയം പര്യാപ്തത നേടിയിട്ടു ഇനി ഉണ്ടാല്‍ മതി എന്ന്..... വിളവെടുക്കാതെ അരി എടുക്കെടോ പവാറെ....".
ഊണു കഴിച്ചവരും കഴിക്കാത്തവരും നിറുത്താതെ കൈയ്യടിച്ചുകൊണ്ടേയിരുന്നു.

കോരിച്ചൊരിയുന്ന മഴ അപ്പൊഴേക്ക് ദുസ്സഹമായിരുന്നു.

പ്രസംഗം നിര്‍ത്തി കാറില്‍‍ കയറുമ്പോഴും അച്ചുമ്മാന്‌ ആവേശം അടങ്ങിയിരുന്നില്ല.

പ്രസംഗലഹരി ഇടക്കുവച്ചു മുറിഞ്ഞത് രസിക്കാതെ ജനം കൂക്കിവിളിച്ചു. അരയില്‍ കരുതിയിരുന്ന കുപ്പികള്‍ ചുഴറ്റീ അവര്‍ സ്റ്റേജിലേക്ക് എറിഞ്ഞു. കയ്യില്‍ കിട്ടിയവരുടെ കരണത്തടിച്ചു.

സഹിക്കാതെ വന്നപ്പോള്‍ പിണറായി അവരെ പഴിപറഞ്ഞു.
"പരിഷകളെ.... ഇതെന്താ... ഉഷാ ഉതുപ്പിന്റെ കച്ചേരിയാ കിടന്നുതുള്ളാന്‍‍?‍"

രസച്ചരടു മുറിഞഞതിന്റെ നീരസം തീര്‍ക്കാന്‍ അതൊന്നും പോരായിരുന്നു.


കുറച്ചു നാള്‍ കഴിഞ്ഞ്‌:

വെയില്‍ മുറുകിത്തുടങിയപ്പോഴേക്ക് അച്ചുമ്മാന്‍ പ്രസംഗത്തിന്‍‌റ്റെ അവസാനത്തേക്ക് എത്തിയിരുന്നു. പൊരിയുന്ന വെയിലത്തും ജനാവലി പിരിയാതെ നിന്നിരുന്നു. ആവേശമുയര്‍ന്നപ്പോളെല്ലാം അവര്‍ കൈയ്യടിച്ചുകൊണ്ടിരുന്നു.

ഇതിനകം ആന്ധ്രയില്‍ നിന്നും ബെങ്കാളില്‍ നിന്നും അരി എത്തിയിരുന്നു. പെട്റോള്‍ വിലയും പാചക ഗ്യാസ് വിലയും കൂടിയിരുന്നു. ഏഴു ഹര്‍ത്താലുകളും മൂന്നു പൊതു പണിമുടക്കുകളും കഴിഞ്ഞീരുന്നു. ഓരോ ദിവസവും റോഡരുകില്‍ അജ്ഞ്ഞാത ജഡങ്ങള്‍ കണ്ടെത്തിയിരുന്നു.

അരിയുടെ കാര്യം അവസാനത്തേക്കു വച്ചിരുന്നതെങ്കിലും ഇക്കുറിയും അച്ചുമ്മാന്‍ അതു നേരത്തെ തന്നെ വിളമ്പി. നിരവധി നാളുകളായി മനസ്സില്‍ കരുതിയിരുന്ന ചോദ്യം അധികം ആലോചികാതെ ജനത്തിനു നേരെ തൊടുത്തു വിട്ടു.

"ഈ അരിയും പച്ചക്കറിയും ഇനി എന്നാ നമ്മള്‍ ആരെയും ആശ്രയിക്കാതെ വിളയിച്ചെടുക്കുക? മറ്റുള്ളവരെ ആശ്രയിച്ച്‌ എത്ര നാള്‍ ഇങ്ങിനെ കഴിയാമെന്നാ?"

അച്ചുമ്മാന്‍‌റ്റെ ചോദ്യം തുറിച്ചുനോക്കിയപ്പോള്‍ ആവേശം അണഞ്ഞ്‌‌ ജനം വെറുതെ നിന്നു.
പ്രസംഗം നിര്‍ത്തി കാറില്‍‍ കയറുമ്പോള്‍ അച്ചുമ്മാന്‌ ഒരു ഉത്സാഹവും തോന്നിയില്ല.

പഴി പറയാന്‍ ഇക്കുറി പിണറായിയും മെനക്കെട്ടില്ല.

പിരിഞ്ഞുപോകാനാകാതെ ജനം വലഞ്ഞു നിന്നു.

Tuesday, June 10, 2008

പേരിലെ കാര്യം

സര്‍, ഒരു പേരിലെന്തിരിക്കുന്നു എന്നല്ലെ സര്‍? കാര്യമുണ്ടു സര്‍.

- വിവര്‍, നിങ്ങളുടെ തിയറികള്‍ വിചിത്രങ്ങളാണ്. ഒന്നല്ലാ, ഒരു നൂറു തവണ ഇതു തെളിയിക്കാന്‍ നിങ്ങള്‍‍ തന്നെ എനിക്കു കൂട്ടു നിന്നിട്ടുണ്ട്.

സര്‍, സിനിമാക്കാരുടെ വാചകം കടമെടുത്താല്‍.... വ്യത്യസ്തമാണു സര്‍.

-അപ്പോള്‍, ഒരു വ്യത്യാസവുമില്ല, എന്നല്ലെ?

അവിടെയാണു സര്‍ നമുക്കു തെറ്റുന്നത്. വ്യത്യസ്തമെന്നു പറയുമ്പോള്‍ വ്യത്യസ്തമായി തന്നെ ഭവിക്കുന്നതിലെ അപാകത. സുന്ദരന്‍ എന്നു പേരുള്ളയാള്‍ സുന്ദരനായി ഭവിക്കുന്നതിലെ അപാകത...... സുശീല എന്നു പേരുള്ളവള്‍ സുശീലയായിരിക്കുന്നതിലെ അപാകത.....

- (മൗനം)

സര്‍, ഈ കഥയില്‍... അല്ല, ഇതു കഥയല്ല, നടന്ന സങ്ങതി തന്നെ.... മലപ്പുറത്ത്.... ഇതില്‍ രണ്ടു ഘടകങ്ങളുണ്ട്..... ഒന്ന് അമ്പരപ്പിക്കുന്നതും ഒന്ന് അമ്പരപ്പിക്കാത്തതും.

- (മൗനം)

സര്‍, നമ്മുടെ രണ്ടു ചെറുപ്പക്കാര്‍ മൂല്യച്യുതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ഒരു സംഘടന രൂപീകരിക്കുന്നു. ധാര്‍മീകാധപതനമല്ലെ സര്‍ സകല കുഴപ്പങ്ങളുടെയും മൂലം? ആഗോളവത്കരണം വരുത്തുന്ന വിനയല്ലെ സര്‍ ഇതെല്ലാം? നമ്മുടെ പുത്തന്‍ തലമുറ അടിയറവു പറഞ്ഞിടത്തല്ലെ സര്‍, ഈ രണ്ടു ചെറുപ്പക്കാര്‍.....

- (അമ്പരക്കുന്നില്ല. മൗനം)

അതിനെന്താ എന്നായിരിക്കും ഈ മൗനത്തിനര്‍ഥം, അല്ലെ സര്‍? ഈ ചെരുപ്പക്കാരെ നമിക്കേണ്ടെ സര്‍?
- (അമ്പരക്കുന്നില്ല. മൗനം)

രണ്ടു ഘടകങ്ങള്‍ എന്നു പറഞതില്‍ ഒന്നു മാത്രമാണിതു സര്‍. എന്നിട്ടു മലപ്പുറത്തെ ആ രണ്ടു ചെറുപ്പക്കാര്‍ക്കു എന്തു സംഭവിച്ചു എന്നു തിരക്കാത്തതെന്തെ?

- (അമ്പരക്കുന്നില്ല. ഏല്ലം അറിയാം എന്ന മട്ടില്‍ മൗനം)

കേള്‍ക്കണം സര്‍. മൂല്യച്യുതിക്കെതിരെ ഇവര്‍ സധൈര്യം നിലകൊണ്ടു സര്‍. സമരങ്ങല്‍ സംഘ്ടിപ്പിച്ചു, അവബോധന ക്‍ളാസുകല്‍ തുടങ്ങി. രണ്ടുപേര്‍ക്കു ചെയ്യാവുന്നതിലേറെ ചെയ്തുകൂട്ടി.

- (അമ്പരക്കുന്നില്ല. മൗനം)

എന്നിട്ടെന്തുണ്ടായീ? ഇവരിലൊരാല്‍ അറസ്റ്റു ചെയ്യപ്പെട്ടു.... അയല്‍പക്കത്തെ വീട്ടില്‍ ഒരു രാത്രി ഒളിച്ചു നോക്കിയതിന്‌!

- (അമ്പരക്കുന്നില്ല. മൗനം)

സര്‍, ഞെട്ടിയില്ലെന്നതു ശ്രധ്ദിച്ചു. പരാതിയില്ല സര്‍. ഇതിലെന്തു പുതുമയിരിക്കുന്നു? മൂല്യച്യുതിക്കെതിരെ സംഘടന തുടങ്ങിയപ്പൊഴേ ശ്രധ്ദിക്കണമായിരുന്നു എന്നല്ലെ മൗനത്തിന്‍‌റ്റെ വിവക്ഷ?

- (മൗനം)

ഇവിടെയാണു സുന്ദരന്‍ സുന്ദരനായും സുശീല സുശീലയായും ഭവിക്കുന്നത്.

- (മൗനം)

സര്‍, ചെരുപ്പക്കാരില്‍ ഒരാളുടെ പേരു പോലും ചോദിച്ചില്ല. ഇത്രയൊക്കെ വാര്‍ത്തയില്‍ വന്നിട്ടും താങ്കളുടെ ഈ മൗനം തുടരുന്നതെന്തെ?

- (മൗനം. എങ്കില്‍ പേരു പറഞ്ഞു തുലക്ക് എന്ന മട്ടില്‍ പുരികക്കൊടി വളക്കുന്നു)

പേര്‍ അനുസ് എന്നാണു സര്‍. അനുസ് (Anus).

- (അമ്പരക്കുന്നു. മൗനം)

അതെ സര്‍. പേരിലും കാര്യമുണ്ടു സര്‍.


പവാര്‍ പറഞ്ഞത്

സര്‍, ദില്ലിയിലെക്കല്ലെ.... ഒരു ഉപകാരം വേണം സര്‍. പവാര്‍ജിയെ കാണുമ്പൊള്‍‌ ചിലതു പറഞ്ഞെക്കണം സര്‍.പവറുള്ളവര്‍ പറയാവുന്നതണൊ സര്‍ പവാര്‍ പറഞ്ഞത്?കാലിയായ അരിപ്പെട്ടി തുറന്നു കാണിക്കുമ്പൊഴാണോ‌ സര്‍, പഴി പറയാന്‍ പവാര്‍ സമയം കണ്ടത്?

-ചൂടാകാതെ.... പവാര്‍ജി എന്തു പറഞെന്നൊ?

ഏങിനെ ചൂടാവാതിരിക്കും സര്‍? പവാര്‍ ഒരു നേതാവല്ലായിരുന്നെങ്കില്‍ എങിനെ കൈകാര്യം ചെയ്യണമെന്നു ഞങള്‍‌ക്ക് അറിയാം സര്‍ - ഒരൊറ്റ അടി, അതോടെ എല്ലാം ശരി ആയേനെ.

എങിനെ ഒന്നും കേട്ടില്ലെന്ന് നടിക്കാനാകും സര്‍. വെറുതെ അല്ലല്ലോ.....ഇരന്നിട്ടല്ലെ?ഒരു നാഴി അരി ബാക്കി ഇല്ലതെ വന്നപ്പോഴാണു സര്‍, പവ്വര്‍ ഉള്ള പവാറിനോട് പറയാമെന്നൂ വച്ചത്‌.

എന്നിട്ടൊ... പവാര്‍ പറഞത് കേട്ടില്ലേ?

പോയി പണിനോക്കാന്‍.... പണി വല്ലതും ചെയ്യാന്‍. സ്വയം പര്യാപ്തത നേടാന്‍....ഇതു ആര്‍ക്കാണു സര്‍ അറിയാതത്?

അറിവല്ലല്ലോ ചോദിച്ചത്‌..... അരിയല്ലെ?

-പവാര്‍ പറഞതീല്‍ പതിരില്ലെന്നോ?

അതെ സര്‍.... ഇതു നെല്‍ കാര്യം തന്നെ.പക്ഷെ, ഒരു നേതാവ് പറയേണ്ടത് ഇങിനെ അല്ല സര്‍.ഞങളുടെ മന്ത്രിയെ നോക്കു സര്‍..... മന്ത്രി പറഞത് കേട്ടില്ലേ?അരി ഇല്ലെങ്കില്‍ മുട്ടയും പാലും കഴിക്കു...... ചിക്കന്‍ ഉണ്ടെങ്കില്‍ അതും ആകാം.മന്ത്രി ആണു സര്‍ നല്ല നേതാവ്.

ദില്ലിയില്‍ എത്തൂമ്പൊല്‍ പവാര്‍ജിയോടു പറഞേക്കണം സര്‍.....
അറിവു വേണ്ട.... അരി മതി.

നോക്കു കൂലി (മുദ്രാവാക്യ കവിത)

പാടുപെട്ടു പണിയെടുത്തു
നടുവൊടിച്ച തീക്കളി
മേടുകള്‍ കിളച്ചു മാറ്റി
പാടമാക്കും‍ കോല്‍ക്കളി

ആര്‍‍ത്തി തന്നെയാണു ബാക്കി
ആര്‍ക്കു വേണമിപ്പണി
നോക്കുകൂലി ആണെളുപ്പ
ആര്‍ക്കുമാകും ഇപ്പണി

സാമ്യാരും പോലീസും

(വേനല്‍ അവധിക്കാലത്തു കുട്ടികള്‍ക്കു കളിക്കാന്‍ ഒരു കളി)

ഒന്നോ അതില്‍ അധികമൊ കുട്ടികള്‍ക്കു, പരസ്പരം വഴക്കടിക്കാതെയും ബഹളമുണ്ടാക്കാതെയും വേനല്‍ അവധിക്കാലം ചിലവഴിക്കാന്‍ ഒരു പുതിയ കളി. ഒരാള്‍ മാത്രമെങ്കില്‍, ഒളിക്കുന്നവനും പിടിക്കുന്നവനും ഒരാള്‍ തന്നെ.

- ഒരാള്‍ ചുവരിനോടോ മരത്തിനോടോ ചേര്‍ന്നു നിന്നു, കണ്ണടച്ച്‌ ഒന്നു മുതല്‍ മുപ്പതു വരെ എണ്ണുക

- മറ്റൂള്ളവര്‍ ഇതിനകം എവിടെയെങ്കിലും ഒളിക്കേണ്ടതാണ്

- ഒളിക്കാന്‍ തിരഞെടുക്കുന്ന ഇടം താഴെ പറയുന്ന ഒന്നിനു സമാനം ആയിരിക്കണം

- മുതിര്‍ന്നവര്‍ പൈസ സൂക്ഷിക്കുന്ന ഇടം, കോഴികൂട്, തെങിന്‍ മണ്ട തുടങിയവ

- മുപ്പതു വരെ എണ്ണിയ ആള്‍, മറ്റുള്ളവരെ തിരയുക

- ഇതിനകം മറ്റുള്ളവര്‍ ഒളിക്കുന്ന ഇടം പോലെ കഴിവതും കൈക്കലാക്കിയിരിക്കണം

- കളിയുടെ അവസാനം ഏവരും ഒത്തുചേരുക

- കൈക്കലാക്കിയതു കഴിവതും തുല്യമായി പങ്കിടുക

- കണ്ണടച്ചൂ നിന്നയാള്‍‍ക്കു ഒരു വലിയ പങ്കു കൊടുക്കുന്നതില്‍ തെറ്റില്ല

- ദിവസാവസാനം പ്രായം അനുസരിച്ചു മിഠായി കടകളിലേക്കും‍ സിനിമാ കൊട്ടകകളീലേക്കും കള്ളുഷാപ്പുകളിലേക്കും (പതിനാലു വയസ്സിനു മേല്‍ മാത്രം) ചേക്കേറാവുന്നതാണ്‌

- പിടിക്കപ്പെട്ടാല്‍ ഉള്ളതു പറഞ്ഞേക്കുക

- ഞങ്ങള്‍‍ കളിക്കുകയായിരുന്നു‍.

- ഇതെന്തു കളി?

- സാമ്യാരും പോലീസും