Wednesday, June 18, 2008

അച്ചുമ്മാന്‍ പറഞ്ഞത്

കുറച്ചു നാള്‍ മുന്‍പ്:

മഴ മുറുകിത്തുടങ്ങിയപ്പോള്‍ അച്ചുമ്മാന്‍ പ്രസംഗത്തിന്‍‌റ്റെ പാതി വഴിയേ എത്തീയിരുന്നുള്ളൂ. ചൊരിയുന്ന മഴയത്ത് പിരിയാതെ നില്‍ക്കുന്ന ജനാവലിയെ കണ്ടപ്പോള്‍ അച്ചുമ്മാന്‍ കത്തിക്കയറി. ഈ എണ്‍പതുകഴിഞ്ഞ പ്രായത്തിലും ആവേശത്തിന്‍‌റ്റെ നുരകള്‍ രക്തധമനികളില്‍ ഇരച്ചുകയറുന്നത് രഹസ്യമായി അനുഭവിക്കുകയും പരസ്യമായി മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗം കീശയിലെറിഞ്ഞ് തനത് ശൈലിയിലേക്ക് വഴുതിവീഴുകയും ചെയ്തു.

വാക്കുകള്‍ തിളച്ചു തീപ്പൊരിയായി നേര്‍‍ക്കുനേര്‍ വന്നപ്പോള്‍ ജനം ഇളകിമറിഞ്ഞൂ.

കോട്ടയം നഗരത്തിലെ ഷാപ്പുകളില്‍ കരുതിയിരുന്നതെല്ലാം പത്തുമണിക്കു മുന്‍പുതന്നെ വിറ്റ്‌ തീര്‍ന്നിരുന്നു. പത്തുമണിക്കുശേഷം ഷാപ്പിലെത്തിയവര്‍ വിധിയെ പഴിച്ച് വ്യാജനില്‍ അഭയം തേടിയിരുന്നു. അച്ചുമ്മാന്‍‌റ്റെ പ്രസംഗം രാത്രി ഏറെ പോകുമെന്നറിയാവുന്ന ഇരുകൂട്ടരും വേണ്ടത്ര വീര്യം അരയില്‍ തിരുകിയിരുന്നു.

വ്യാജന്‍ തരാത്ത ലഹരി അച്ചുമ്മാന്‍‌റ്റെ വാക്കുകള്‍ തന്നപ്പോള്‍ ജനം ആര്‍‍ത്തിരമ്പി. ആവേശലഹരി അടങാതിരിക്കന്‍ അവര്‍ ആഗ്രഹിച്ചു. ഈ രാത്രി പുലരാതിരുന്നെങ്കില്‍....... ഈ പ്രസംഗം അണയാതിരുന്നെങ്കില്‍......

അമേരിക്കയും ആഗോളവല്‍ക്കരണവും മടുത്തപ്പോള്‍ അച്ചുമ്മാന്‍ ആന്റണിയെ പള്ളുവിളിച്ചു. വിലക്കയറ്റം കേന്റ്‌ത്തിന്‍‌റ്റെ തലക്കുവച്ചു. ജനം നിര്‍ത്താതെ കൈയ്യടിച്ചു.

അരിയുടെ കാര്യം അവസാനത്തേക്കു വച്ചിരുന്നതെങ്കിലും നേരത്തെ തന്നെ വിളമ്പി. പവാറിനോട് അരി ചോദിക്കാന്‍ പോയ കഥ പൊടിപ്പും തൊങലും ചേര്‍ത്തു വച്ചു കീച്ചി.
"അരി ചോദിച്ചപ്പോള്‍ പവാറു പറഞ്ഞു...... സ്വയം പര്യാപ്തത നേടിയിട്ടു ഇനി ഉണ്ടാല്‍ മതി എന്ന്..... വിളവെടുക്കാതെ അരി എടുക്കെടോ പവാറെ....".
ഊണു കഴിച്ചവരും കഴിക്കാത്തവരും നിറുത്താതെ കൈയ്യടിച്ചുകൊണ്ടേയിരുന്നു.

കോരിച്ചൊരിയുന്ന മഴ അപ്പൊഴേക്ക് ദുസ്സഹമായിരുന്നു.

പ്രസംഗം നിര്‍ത്തി കാറില്‍‍ കയറുമ്പോഴും അച്ചുമ്മാന്‌ ആവേശം അടങ്ങിയിരുന്നില്ല.

പ്രസംഗലഹരി ഇടക്കുവച്ചു മുറിഞ്ഞത് രസിക്കാതെ ജനം കൂക്കിവിളിച്ചു. അരയില്‍ കരുതിയിരുന്ന കുപ്പികള്‍ ചുഴറ്റീ അവര്‍ സ്റ്റേജിലേക്ക് എറിഞ്ഞു. കയ്യില്‍ കിട്ടിയവരുടെ കരണത്തടിച്ചു.

സഹിക്കാതെ വന്നപ്പോള്‍ പിണറായി അവരെ പഴിപറഞ്ഞു.
"പരിഷകളെ.... ഇതെന്താ... ഉഷാ ഉതുപ്പിന്റെ കച്ചേരിയാ കിടന്നുതുള്ളാന്‍‍?‍"

രസച്ചരടു മുറിഞഞതിന്റെ നീരസം തീര്‍ക്കാന്‍ അതൊന്നും പോരായിരുന്നു.


കുറച്ചു നാള്‍ കഴിഞ്ഞ്‌:

വെയില്‍ മുറുകിത്തുടങിയപ്പോഴേക്ക് അച്ചുമ്മാന്‍ പ്രസംഗത്തിന്‍‌റ്റെ അവസാനത്തേക്ക് എത്തിയിരുന്നു. പൊരിയുന്ന വെയിലത്തും ജനാവലി പിരിയാതെ നിന്നിരുന്നു. ആവേശമുയര്‍ന്നപ്പോളെല്ലാം അവര്‍ കൈയ്യടിച്ചുകൊണ്ടിരുന്നു.

ഇതിനകം ആന്ധ്രയില്‍ നിന്നും ബെങ്കാളില്‍ നിന്നും അരി എത്തിയിരുന്നു. പെട്റോള്‍ വിലയും പാചക ഗ്യാസ് വിലയും കൂടിയിരുന്നു. ഏഴു ഹര്‍ത്താലുകളും മൂന്നു പൊതു പണിമുടക്കുകളും കഴിഞ്ഞീരുന്നു. ഓരോ ദിവസവും റോഡരുകില്‍ അജ്ഞ്ഞാത ജഡങ്ങള്‍ കണ്ടെത്തിയിരുന്നു.

അരിയുടെ കാര്യം അവസാനത്തേക്കു വച്ചിരുന്നതെങ്കിലും ഇക്കുറിയും അച്ചുമ്മാന്‍ അതു നേരത്തെ തന്നെ വിളമ്പി. നിരവധി നാളുകളായി മനസ്സില്‍ കരുതിയിരുന്ന ചോദ്യം അധികം ആലോചികാതെ ജനത്തിനു നേരെ തൊടുത്തു വിട്ടു.

"ഈ അരിയും പച്ചക്കറിയും ഇനി എന്നാ നമ്മള്‍ ആരെയും ആശ്രയിക്കാതെ വിളയിച്ചെടുക്കുക? മറ്റുള്ളവരെ ആശ്രയിച്ച്‌ എത്ര നാള്‍ ഇങ്ങിനെ കഴിയാമെന്നാ?"

അച്ചുമ്മാന്‍‌റ്റെ ചോദ്യം തുറിച്ചുനോക്കിയപ്പോള്‍ ആവേശം അണഞ്ഞ്‌‌ ജനം വെറുതെ നിന്നു.
പ്രസംഗം നിര്‍ത്തി കാറില്‍‍ കയറുമ്പോള്‍ അച്ചുമ്മാന്‌ ഒരു ഉത്സാഹവും തോന്നിയില്ല.

പഴി പറയാന്‍ ഇക്കുറി പിണറായിയും മെനക്കെട്ടില്ല.

പിരിഞ്ഞുപോകാനാകാതെ ജനം വലഞ്ഞു നിന്നു.