Wednesday, July 2, 2008

സാമൂഹ്യപാഠങ്ങള്‍


ഇപ്പോള്‍ വിവാദത്തിലിരിക്കുന്ന ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠഭാഗം അതേപടി.
****************
മതമില്ലാത്ത ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്. അഛന്‍‌റ്റെ പേര്?"
"അന്‍വര്‍ റഷീദ്"
"അമ്മയുടെ പേര്?"
"ലക്ഷ്മിദേവി"
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
"കുട്ടിയുടെ മതം ഏതാ ചേര്‍‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്നു ചേര്‍ത്തോളു"
"ജാതിയോ?"
"അതും വേണ്ട"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ ചോദിച്ചു:
"വലുതാവുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ?"
"അങ്ങിനെ വേണമെന്നു തോന്നുമ്പോള്‍ അവന്‌ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ"‍
****************


ഇനി വിവാദം അവസാനിപ്പിക്കാനായി പാഠത്തില്‍ വരുത്താവുന്ന ചില മാറ്റങ്ങള്‍‍

സാമൂഹ്യപാഠം ഒന്ന്
****************
ഹര്‍ത്താല്‍ പഠിക്കുന്ന ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം വൈകി എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്."
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
"എന്താ വൈകിയത്?"
"ഹര്‍ത്താലായതിനാല്‍ വ്ണ്ടിയൊന്നും ഓടുന്നില്ലായിരുന്നു. വളരെ ദൂരം നടക്കേണ്ടി വന്നു"
"ഇന്നെന്തിനാ ഹര്‍ത്താല്‍?"
"ഇന്നലത്ത ഹര്‍‍ത്താലിനെ പ്രതിഷേധിച്ചായിരുന്നു ഇന്നു ഹര്‍ത്താല്‍"
"അപ്പോള്‍ ഇന്നലത്തെ ഹര്‍‍ത്താലോ?"
"അതാര്‍ക്കറിയാം"
"ഹര്‍ത്താലുകള്‍ ഇനിയും വരും. കുട്ടിയെ സ്കൂളില്‍ കൊണ്ടു വന്നാക്കാന്‍ വാഹനങ്ങളൊന്നും ഇല്ലെ?"
"ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തിലെ ഹര്‍ത്താലില്‍ കുട്ടീകള്‍ അതു എറിഞ്ഞു തകര്‍‍ത്തു"
"അപ്പോള്‍ സ്കൂള്‍ തുടങ്ങിയാല്‍ ഇവന്‍ എന്തു ചെയ്യും?"
"മറ്റുള്ളവരുടെ വാഹനങ്ങള്‍ എറിഞ്ഞു തകര്‍‍ക്കാന്‍ ഇവനും ഇഷ്ടമുള്ള ഹര്‍ത്താല്‍ തിരഞ്ഞെടുക്കട്ടെ"
****************

സാമൂഹ്യപാഠം രണ്ട്

****************
ഡൊണേഷനില്ലാത്ത ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്.അഛന്‍‌റ്റെ പേര്?"
"വറീത്"
"ജോലി"
"ജോലി ഒന്നുമില്ല"
"അപ്പോള്‍ ഡൊണേഷനോ?"
"ഇപ്പോള്‍ ഒന്നും ഇല്ല. ഇവന്‍ വളര്‍ന്നു വലുതാകട്ടെ"
"ജോലിക്കെന്തു പറ്റി?"
"കമ്പനി അടച്ചു പൂട്ടി. മരണം വരെയും സമരമെന്നു നേതാവു പറഞ്ഞതു വിശ്വസിച്ചു പോയി. ജീവന്റെ ജീവിതം പെരുവഴിയിലായി"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ പറഞ്ഞു:
"ഡൊണേഷനില്ലാതെ ഇവിടെ ഒരു പരിപാടിയും നടക്കില്ലല്ലൊ"
"അങ്ങിനെയെങ്കില്‍ ഇവന്‍ പഠിത്തം നിറുത്തി വല്ല മണ്ണൂ പണിക്കും പോകട്ടെ"
****************

സാമൂഹ്യപാഠം മൂന്ന്

****************
ജീവനെടുക്കുന്ന ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ അമ്മയെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്. അഛന്‍‌ എവിടെ?"
"അഛന്‍‌ മരിച്ചു പോയി"
"കഷ്ടം! എന്തു പറ്റി?"
"മറ്റെ പാര്‍ട്ടിക്കാര്‍ വെട്ടി നുറുക്കി."
‍"അപ്പോള്‍ കുട്ടി ഏതു പാര്‍‍ട്ടിയിലാ"
"ഒന്നും ചേര്‍ക്കേണ്ട. പര്‍ട്ടിയില്ലെന്നു ചേര്‍ത്തോളു"
"ഗ്രൂപ്പോ?"
"അതും വേണ്ട"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ ചോദിച്ചു:
"വലുതാവുമ്പോള്‍ ഇവന്‌ ഏതെങ്കിലും പാര്‍ട്ടി വേണമെന്നു തോന്നിയാലോ?"
"അങ്ങിനെ വേണമെന്നു തോന്നുമ്പോള്‍ അന്നത്തെ ഭരണകക്ഷിയും പിരിവിനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത്‌ അവന്‍ തീരുമാനിക്കട്ടെ"‍

****************