Friday, July 18, 2008

സ്വാഗതഗാനം

(കേരളത്തില്‍ ഈയിടെ രൂപം കൊണ്ട് 'ഓള്‍ കേരള ലിക്കര്‍ യൂസേഴ്സ് അസ്സോസിയേഷ'ന് വന്‍വരവേല്പ്പാണു ലഭിച്ചുകൊണ്ടിരികുന്നത്. അപ്പോള്‍ പിന്നെ സംസ്താന സമ്മേളനവും ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലികളും ഉറപ്പാണല്ലൊ. പറ്റിയ അവസരത്തില്‍ ഉപയോഗിക്കാനായി ഒരു സ്വാഗതഗാനം.

സംഘടനയുടെ വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്കായി ഈ ഗാനം സ‍മര്‍പ്പിക്കട്ടെ.)

രാഗം: ആനന്ദഭൈരവി
താളം: അഴകൊഴ

ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും
ഒരായിരം പേര്‍ നുണയുന്നു
‍നുണയുന്നു അവര്‍ വീര്യം കൂട്ടാന്‍
ബാറ്ററിയിട്ടു കുടിക്കുന്നു (...... ഏവരും ഏറ്റുപാടുക)


തിരഞ്ഞെടുപ്പുകള്‍ ജില്ലാറാലികള്‍
വിവാഹം ഉത്സവം ആഘോഷം
നുരഞ്ഞു പൊങ്ങും ആവേശത്തിര-
യിളക്കുവാനായ് ചാരായം

ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)

മതങ്ങള്‍ ജാതികള്‍ ആദര്‍ശങ്ങള്‍
തെരുവില്‍ തീര്‍‍ത്തതു നരകങ്ങള്‍
നിറഞ്ഞബാറുകള്‍ ഒഴിഞ്ഞകുപ്പികള്‍
പറഞ്ഞുതന്നതു സ്വര്‍ഗങ്ങള്‍

ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)


വെള്ളമിറങ്ങാതൊരുനാള്‍ പോകാന്‍
എല്ലാര്‍ക്കും ഒരു വിധിയെങ്കില്‍
വെള്ളംചേര്‍ക്കാതാഘോഷികപ്പാന്‍
ഉല്ലാസിപ്പാന്‍ അവകാശം

ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)


അവകാശപത്രികയില്‍ നിന്നു ചിലത്:
- മദ്യം റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുക
- മദ്യപിക്കനായി പ്രായപരിധി പത്ത് ആയി കുറക്കുക
- മദ്യപാനികള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക
- മദ്യപിക്കാനായി പൊതുസ്തലസൗകര്യങ്ങള്‍ പണിയുക (എന്ത്? മൂത്രമൊഴിക്കാനായി അങ്ങിനെ ഒരു സൗകര്യവും ഇപ്പോള്‍ ഇല്ലെന്നോ?‍ അതാവശ്യമുള്ളവര്‍ സംഘടിച്ചു നേടിയെടുക്കട്ടെ)

ചില കണക്കുകള്‍, കാര്യങ്ങള്‍:
- സാക്ഷരകേരളം ആത്മഹത്യാ നിരക്കിലും മദ്യപാനത്തിലും ഏറ്റവും മുന്നിലാണ്‌
- കേരളം അരിക്കു ചിലവഴിക്കുന്നതിനേക്കാള്‍ ഏറെ മദ്യത്തിനു ചിലവഴിക്കുന്നു
- കേരളത്തില്‍ ഒരാള്‍ ശരാശരി ഒന്‍പതു ലിറ്റര്‍ വിദേശമദ്യം കുടിച്ചു തീര്‍‍ക്കുന്നു. (വ്യാജന്റെ കണക്കുകള്‍ ലഭ്യമല്ല)
- സ്ത്രീകള്‍ ഇപ്പോളും മദ്യപാനത്തില്‍ പിറകില്‍ തന്നെ (കഷ്ഠം!!)
- മദ്യവില്പ്പന കേരളത്തില്‍ ഇരുപത്ത്ഞ്ചു ശതമാനത്തോളം എല്ലാവര്‍‍ഷവും വളരുന്നു.

ഓള്‍ കേരള ലിക്കര്‍ യൂസേഴ്സ് അസ്സോസിയേഷന്‍ കീ ജയ്!!!

Tuesday, July 8, 2008

വിഷാദപര്‍വ്വം

വിവര്‍, നിങ്ങളുമായി ഒരിക്കല്‍ പോലും യോജിക്കാനാവുന്നില്ലെങ്കിലും നമ്മള്‍ സുഹ്രുത്തുക്കല്‍ തന്നെ. എങ്കിലും ഇപ്പോള്‍... ഇപ്പോള്‍ നിങ്ങളുടെ ഈ മൗനം എന്നെ വേദനിപ്പിക്കുന്നു. ഞാന്‍ പറഞ്ഞതെന്തെങ്കിലും.....

നന്ദി സര്‍.... ഈ സുഹ്രുത്ബന്ധം എനിക്കും വിലപ്പെട്ടതു തന്നെ. എന്നെ വിഷമിപ്പിക്കുന്നത് ഈ വാര്‍ത്തകളാണു സര്‍..... വാര്‍ത്തകള്‍.....

വാര്‍ത്തകള്‍‍?... പ്രത്യേകിച്ചെന്തെങ്കിലും?

സര്‍.... വായിക്കുന്നില്ലേ സര്‍.....പത്രങ്ങളില്‍ ദിനം പ്രതി?

ഒന്നും മനസ്സിലാവുന്നില്ല വിവര്‍.... ഒന്നു തെളിച്ചു പറഞ്ഞുകൂടെ?

വാര്‍ത്തകള്‍‍ സര്‍... വാര്‍ത്തകള്‍‍.

പ്രത്യേകിച്ച്‌ ഒരു വാര്‍ത്ത?

സര്‍... പാശ്ച്ചാത്യവല്‍ക്കരണം സര്‍.... പാശ്ച്ചാത്യ സംസ്കാരത്തിന്റെ‌ കടന്നാക്രമണം സര്‍.... ടൂ മച്ച് സര്‍...

എന്തുണ്ടായി?

കൊച്ചിയില്‍ എന്‍ജിനീയരായ ചെറുപ്പക്കാരി ഒന്നിലധികം ചെറുപ്പക്കാരുമായി ഒരു മുറിയില്‍ നിന്നു പോലീസ് പിടിയിലാകുന്നു.... കൂടെ മദ്യകുപ്പികള്‍.... കമ്പ്യുട്ടര്‍.... നീലചിത്രങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍....‌ അതെനിക്കു മനസ്സിലാകും സര്‍.... പക്ഷെ, ചെറുപ്പക്കാരിയുടെ മാതാപിതാക്കള്‍ പറഞ്ഞത് കേട്ടില്ലേ? അവര്‍ക്കു മനസ്സിലാകാവുന്നതില്‍ അപ്പുറമൊന്നും ആ പെണ്‍കുട്ടി ചെയ്തിട്ടില്ലെന്ന്! പാശ്ച്ചാത്യ സംസ്കാരം വഷളാക്കിയ ഒരു തലമുറയില്‍ അധികം ഇപ്പോള്‍ ഈ നാട്ടിലിണ്ടു സര്‍....

വിവര്‍, ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്കില്ലാത്ത‍ വിഷമം നിങ്ങള്‍ക്കെന്തിന്‌?

സര്‍...... പാശ്ച്ചാത്യ സംസ്കാരത്തിന്റെ‌ കടന്നാക്രമണം സര്‍.... സാറിതൊന്നും കാണുന്നില്ലെ?

വിവര്‍, വ്യഭിചാരവും ലൈംഗീക അരാചകത്വവും വൈക്രിതങളും ഇല്ലാത്ത സമൂഹങ്ങളേത്?

സര്‍.... സര്‍ ഒരു വിദേശ ചാരനെപ്പോലെ സംസാരിക്കുന്നു. പാശ്ച്ചാത്യ സംസ്കാരത്തിന്റെ‌ കുഴപ്പമാണു സര്‍ ഇതെല്ലാം.

അപ്പോള്‍ ഈ കാണുന്ന പെണ്‍വാണിഭങളും കച്ചവടങ്ങളും?

അതും പാശ്ച്ചാത്യന്‍ തന്നെ

അപ്പോള്‍ ഈ അഴിമതിയും കൈക്കൂലിയും?

അതു മുതലാളിത്വം സര്‍

പൊതു സ്തലങ്ങളിലെ നിയമരാഹിത്വം?

പാശ്ച്ചാത്യന്‍ സര്‍

കുത്തഴിഞ്ഞ രാഷ്ട്രിയം?

ബ്രിട്ടീഷ് സാമ്രജ്യത്വം സര്‍

വിലക്കയറ്റം?

അതു കേന്ദ്രം സര്‍

അരിക്ഷാമം? പച്ചക്കറിക്ഷാമം?

അതും കേന്ദ്രന്‍

പവര്‍ കട്ട്?

അതു കാലഹരണപ്പെട്ട കാലാവസ്ത്താ ശാസ്ത്രം.... പിന്നെ ഉദ്യോഗസ്ത്ത ദുഷ്പ്രഭുത്വം.

വിശദീകരിക്കു

ക്യച്‌മെന്റ് ഏരിയയില്‍ എന്തെ പ്രവചിച്ചപോലെ മഴ പെയ്തില്ല? കാലാവസ്ത്താ ശാസ്ത്രഞരുടെ വിവരകേട് സര്‍

അപ്പോള്‍ സന്തോഷ് മാധവന്‍?

സംശയമുണ്ടോ, മതങ്ങള്‍ സര്‍

ഏഴാം സാമൂഹ്യപാഠം?

സംഘടിത മതനേതാക്കള്‍ സര്‍

മുല്ലപ്പെരിയാര്‍?

ത്മിഴ്നാടും അവരുടെ രാഷ്ട്രീയക്കാരും സര്‍

അക്രമ രാഷ്ട്രിയം? കൊലപാതകം?

വര്‍ഗീയവാദികള്‍ സര്‍

തൊഴില്‍ ഇല്ലായ്മ?

കുത്തക മുതലാളിത്വം സര്‍

വ്യവസായങ്ങള്‍ നിന്നുപോകുന്നത്?

ആഗോളവത്കരണം സര്‍

ആണവക്കരാര്‍?

അമേരിക്കന്‍ സാമ്രജ്യത്വം സര്‍

പെട്രൊല്‍ വിലക്കയറ്റം?

മുതലാളിമാരുടെ ലാഭക്കൊതി സര്‍

പെണ്‍ ഭ്രൂണഹത്യ?

മതങ്ങളും ജാതിവ്യവസ്തയും സര്‍

അശ്ലീലചിത്രങ്ങള്‍, ഉരുള്‍പൊട്ടല്‍, ക്രിഷിനാശം, ഇന്റെര്‍നെറ്റ്?

ഉദാരവല്‍ക്കരണം സര്‍

അരവണപ്പായസം ആവശ്യത്തിനില്ലാത്തത്?

അയ്യപ്പന്റെ കഴിവുകേട് സര്‍

.........................
.........................

വിവര്‍, തെളിഞ്ഞ നീര്‍ത്തടാകം പോലെ നിര്‍മ്മലമായ നിങ്ങളുടെ മനസ്സും അതുപോലൊത്തന്നെ നിര്‍ദോഷമായ ഒരു നാടും വേറെവിടെ കാണാന്‍! ഒന്നുകൂടി ചോദിച്ചൊട്ടെ.... ഈ നീര്‍ത്തടാകത്തില്‍ നീന്തി തുടിക്കുന്ന വര്‍ണമത്സ്യങ്ങള്‍ ഏതെല്ലം?

Wednesday, July 2, 2008

സാമൂഹ്യപാഠങ്ങള്‍


ഇപ്പോള്‍ വിവാദത്തിലിരിക്കുന്ന ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠഭാഗം അതേപടി.
****************
മതമില്ലാത്ത ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്. അഛന്‍‌റ്റെ പേര്?"
"അന്‍വര്‍ റഷീദ്"
"അമ്മയുടെ പേര്?"
"ലക്ഷ്മിദേവി"
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
"കുട്ടിയുടെ മതം ഏതാ ചേര്‍‍ക്കേണ്ടത്?"
"ഒന്നും ചേര്‍ക്കേണ്ട. മതമില്ലെന്നു ചേര്‍ത്തോളു"
"ജാതിയോ?"
"അതും വേണ്ട"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ ചോദിച്ചു:
"വലുതാവുമ്പോള്‍ ഇവന്‌ ഏതെങ്കിലും മതം വേണമെന്നു തോന്നിയാലോ?"
"അങ്ങിനെ വേണമെന്നു തോന്നുമ്പോള്‍ അവന്‌ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ"‍
****************


ഇനി വിവാദം അവസാനിപ്പിക്കാനായി പാഠത്തില്‍ വരുത്താവുന്ന ചില മാറ്റങ്ങള്‍‍

സാമൂഹ്യപാഠം ഒന്ന്
****************
ഹര്‍ത്താല്‍ പഠിക്കുന്ന ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം വൈകി എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്."
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
"എന്താ വൈകിയത്?"
"ഹര്‍ത്താലായതിനാല്‍ വ്ണ്ടിയൊന്നും ഓടുന്നില്ലായിരുന്നു. വളരെ ദൂരം നടക്കേണ്ടി വന്നു"
"ഇന്നെന്തിനാ ഹര്‍ത്താല്‍?"
"ഇന്നലത്ത ഹര്‍‍ത്താലിനെ പ്രതിഷേധിച്ചായിരുന്നു ഇന്നു ഹര്‍ത്താല്‍"
"അപ്പോള്‍ ഇന്നലത്തെ ഹര്‍‍ത്താലോ?"
"അതാര്‍ക്കറിയാം"
"ഹര്‍ത്താലുകള്‍ ഇനിയും വരും. കുട്ടിയെ സ്കൂളില്‍ കൊണ്ടു വന്നാക്കാന്‍ വാഹനങ്ങളൊന്നും ഇല്ലെ?"
"ഉണ്ടായിരുന്നു. കഴിഞ്ഞ മാസത്തിലെ ഹര്‍ത്താലില്‍ കുട്ടീകള്‍ അതു എറിഞ്ഞു തകര്‍‍ത്തു"
"അപ്പോള്‍ സ്കൂള്‍ തുടങ്ങിയാല്‍ ഇവന്‍ എന്തു ചെയ്യും?"
"മറ്റുള്ളവരുടെ വാഹനങ്ങള്‍ എറിഞ്ഞു തകര്‍‍ക്കാന്‍ ഇവനും ഇഷ്ടമുള്ള ഹര്‍ത്താല്‍ തിരഞ്ഞെടുക്കട്ടെ"
****************

സാമൂഹ്യപാഠം രണ്ട്

****************
ഡൊണേഷനില്ലാത്ത ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്.അഛന്‍‌റ്റെ പേര്?"
"വറീത്"
"ജോലി"
"ജോലി ഒന്നുമില്ല"
"അപ്പോള്‍ ഡൊണേഷനോ?"
"ഇപ്പോള്‍ ഒന്നും ഇല്ല. ഇവന്‍ വളര്‍ന്നു വലുതാകട്ടെ"
"ജോലിക്കെന്തു പറ്റി?"
"കമ്പനി അടച്ചു പൂട്ടി. മരണം വരെയും സമരമെന്നു നേതാവു പറഞ്ഞതു വിശ്വസിച്ചു പോയി. ജീവന്റെ ജീവിതം പെരുവഴിയിലായി"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ പറഞ്ഞു:
"ഡൊണേഷനില്ലാതെ ഇവിടെ ഒരു പരിപാടിയും നടക്കില്ലല്ലൊ"
"അങ്ങിനെയെങ്കില്‍ ഇവന്‍ പഠിത്തം നിറുത്തി വല്ല മണ്ണൂ പണിക്കും പോകട്ടെ"
****************

സാമൂഹ്യപാഠം മൂന്ന്

****************
ജീവനെടുക്കുന്ന ജീവന്‍

സ്ക്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ അമ്മയെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.
"മോന്‍‌റ്റെ പേരെന്താ?"
"ജീവന്‍"
"കൊള്ളാം.... നല്ല പേര്. അഛന്‍‌ എവിടെ?"
"അഛന്‍‌ മരിച്ചു പോയി"
"കഷ്ടം! എന്തു പറ്റി?"
"മറ്റെ പാര്‍ട്ടിക്കാര്‍ വെട്ടി നുറുക്കി."
‍"അപ്പോള്‍ കുട്ടി ഏതു പാര്‍‍ട്ടിയിലാ"
"ഒന്നും ചേര്‍ക്കേണ്ട. പര്‍ട്ടിയില്ലെന്നു ചേര്‍ത്തോളു"
"ഗ്രൂപ്പോ?"
"അതും വേണ്ട"
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന്‌ അല്പ്പം ഗൗരവത്തോടെ ചോദിച്ചു:
"വലുതാവുമ്പോള്‍ ഇവന്‌ ഏതെങ്കിലും പാര്‍ട്ടി വേണമെന്നു തോന്നിയാലോ?"
"അങ്ങിനെ വേണമെന്നു തോന്നുമ്പോള്‍ അന്നത്തെ ഭരണകക്ഷിയും പിരിവിനുള്ള സാദ്ധ്യതകളും കണക്കിലെടുത്ത്‌ അവന്‍ തീരുമാനിക്കട്ടെ"‍

****************